ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

 

Kerala Government Logo

പള്ളം ബ്ലോക്ക് പഞ്ചായത്ത്

ചരിത്രം | HISTORY

പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രം

ദേശീയതലത്തിൽ 1952-ൽ ആരംഭിച്ച കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ തുടർച്ചയായി, ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ് പള്ളം ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമാകുന്നത്.

🏛️ ആദ്യ ഓഫീസ്

ഇന്നത്തെ കോട്ടയം നഗരസഭയുടെ ഭാഗമായിരുന്ന പള്ളം പ്രദേശത്താണ് ആദ്യ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ പ്രഥമ BDO ശ്രീ. തോമസിന്റെ നേതൃത്വത്തിൽ വാടക കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിച്ചു.

🌿 രണ്ടേക്കർ ഭൂമിയിലേക്ക്

പിന്നീട് വടവാതൂർ സ്വദേശിയായ ശ്രീ. തോമസ് അലക്സാണ്ടർ ജേക്കബ് (കൈതയിൽ സണ്ണി) സൗജന്യമായി നൽകിയ രണ്ടേക്കർ ഭൂമിയിലേക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മാറ്റിസ്ഥാപിച്ചു.
 1995-ൽ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നതോടെ, കുമാരി പി. എ. ശ്രീദേവി പ്രസിഡന്റായ പതിമൂന്നംഗ ആദ്യ ജനകീയ ഭരണസമിതി നിലവിൽ വന്നു. 73, 74-ാം ഭരണഘടനാ ഭേദഗതികളുടെയും 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെയും പിൻബലത്തിൽ ജനകീയാസൂത്രണത്തിലൂടെ വികേന്ദ്രീകൃത ഭരണത്തിന്റെയും ജനപങ്കാളിത്ത വികസനത്തിന്റെയും പാതയിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് മുന്നേറി.
 
ഇന്ന്, അക്ഷരനഗരിയായ കോട്ടയം പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള വിജയപുരം ഗ്രാമപഞ്ചായത്തിലെ വടവാതൂരിലാണ് പള്ളം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞകാലത്തിന്റെ പൈതൃകം കാത്തുസൂക്ഷിച്ച്, ഇന്നിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, ഭാവിയുടെ സാധ്യതകൾ മുന്നിൽ കണ്ടാണ് ബ്ലോക്ക് പഞ്ചായത്തിന്റെനിലവിലെ വികസന കുതിപ്പ്. 
 
രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുക, തരിശുഭൂമികളെ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരിക, ശാസ്ത്രീയ മാലിന്യസംസ്കരണം ഉറപ്പാക്കുക, ദാരിദ്ര്യനിർമ്മാർജനം, തൊഴിലവസരസൃഷ്ടി, പാർശ്വവത്കരിക്കപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്ഷേമപദ്ധതികൾ എന്നിവയ്ക്ക് മുൻഗണന നൽകി സമഗ്രവും സുസ്ഥിരവുമായ പ്രാദേശിക വികസനം എന്ന ലക്ഷ്യത്തിലേക്കാണ് പള്ളം ബ്ലോക്ക് പഞ്ചായത്ത് ഇന്ന് മുന്നേറുന്നത്.
 

വികസനത്തിന്റെ ചരിത്രം · ജനസേവനത്തിന്റെ പാരമ്പര്യം

PALLOM BLOCK PANCHAYAT | KOTTAYAM | KERALA