ഓപ്പറേഷൻ തൂഫാൻ 2.0

ലഹരിവിരുദ്ധ ജനകീയ പ്രചാരണം
മാറ്റത്തിന്റെ കാറ്റായി
ഓപ്പറേഷൻ തൂഫാൻ 2.0
ലഹരിക്കെതിരെ ജനകീയ പ്രതിരോധം:
പള്ളം ബ്ലോക്ക് പഞ്ചായത്തിൽ പ്രൗഢോജ്ജ്വല തുടക്കം
28 സെപ്റ്റംബർ 2026 | പള്ളം ബ്ലോക്ക് പഞ്ചായത്ത്
ലഹരിക്കെതിരെ ജനകീയ മുന്നേറ്റം
ലഹരിയെന്ന വൻവിപത്തിനെ തുടച്ചുനീക്കി നാടിന്റെ നാളെയെ സുരക്ഷിതവും പ്രകാശപൂർണ്ണവുമാക്കാൻ പ്രതിജ്ഞാബദ്ധരായി കൈകോർക്കുകയാണ് പള്ളം ബ്ലോക്ക് പഞ്ചായത്ത്. കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 ലഹരിവിരുദ്ധ ജനകീയ പ്രചാരണ പരിപാടിയുടെ ഭാഗമായി പള്ളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്കുതല ഉദ്ഘാടനം സംഘടിപ്പിച്ചു.
സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത്
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ. എം. ഷാജി, വ്യവസായ മന്ത്രി ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ IAS തുടങ്ങിയവരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
തൂഫാൻ പതാക ഉയർത്തലും ഉദ്ഘാടനവും
സംസ്ഥാനതല ഉദ്ഘാടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതാകുമാരി സലിമോൻ തൂഫാൻ പതാക ഉയർത്തി ബ്ലോക്കുതല ഉദ്ഘാടനം നിർവഹിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഓരോ കുടുംബത്തിന്റെയും സജീവ പങ്കാളിത്തവും പിന്തുണയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

മഹാതൂഫാൻ പോലെ പ്രതിരോധ ശൃംഖല തീർക്കണം
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മിഥുൻ ജി. തോമസ് അധ്യക്ഷത വഹിച്ചു. ലഹരി വിപത്തിനെതിരെ കരുതലിന്റെയും സ്നേഹത്തിന്റെയും വലിയൊരു പ്രതിരോധ ശൃംഖല തീർക്കാൻ നാടിന്റെ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജിനു കെ. പോൾ സ്വാഗതം ആശംസിച്ചു. തുടർന്ന് മണർകാട് പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും ലഹരിവിരുദ്ധ സന്ദേശ കൈമാറ്റവും നടന്നു.

ആശംസകളും ജനപങ്കാളിത്തവും
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിസമ്മ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മിനി ഇട്ടിക്കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. ഋഷി കെ. പുന്നൂസ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
ഓരോ പടിവാതിലിലും സന്ദേശമെത്തിക്കാൻ മഹിള പ്രധാൻ ഏജന്റുമാർ
ജനകീയ പ്രചാരണ പരിപാടിയുടെ പ്രധാന സന്ദേശവാഹകരായി മഹിള പ്രധാൻ ഏജന്റുമാർ പ്രവർത്തിക്കും. ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും വീടുകളിൽ നേരിട്ടെത്തി ലഹരിവിരുദ്ധ ബോധവൽക്കരണവും പ്രതിരോധ ആശയങ്ങളും പങ്കുവെക്കുന്ന പ്രവർത്തനങ്ങൾക്ക് ഏജന്റുമാർ നേതൃത്വം നൽകും. ബോധവൽക്കരണ സന്ദേശം ഓരോ വീട്ടിലെയും അംഗങ്ങളിലേക്ക് എത്തിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത ഏജന്റുമാർ ഉറപ്പുനൽകി.
ജനകീയ പങ്കാളിത്തത്തോടെ സമാപനം
ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, പോലീസ് പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ, മഹിള പ്രധാൻ ഏജന്റുമാർ എന്നിവർ പങ്കെടുത്ത ചടങ്ങിന് പള്ളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. രാഹുൽ ജി. കൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
ചിത്രശാല | Photo Gallery







