.
ഭൂമിശാസ്ത്രം
അക്ഷര നഗരിയായ കോട്ടയത്തു നിന്നും 8 കി.മി. വടക്കു കിഴക്കുമാറി വിജയപുരം പഞ്ചായത്തിലെ വടവാതുരാണ് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. കുറിച്ചി, പനച്ചിക്കാട്, പുതുപ്പള്ളി, വിജയപുരം, അയര്‍ക്കുന്നം എന്നീ 5 പഞ്ചായത്തുകളാണ് പള്ളം ബ്ലോക്കിൽ ഉള്‍പ്പെടുന്നത്. 211.95ച. കി. മീ വിസ്തൃതിയിയുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിന്റെ 8208.5 ഹെക്ടര്‍ സ്ഥലം കൃഷി ഭൂമിയാണ്. ഭൂരിഭാഗം ജനങ്ങളും കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ്, ചെറുകിട കച്ചവടക്കാരും നാമമാത്രയുണ്ട്. നികുതി വരുമാനങ്ങൾ ഇല്ലാത്തതിനാൽ തന്നെ തനത് ഫണ്ട് വളരെ കുറച്ചുമാത്രമാണ് നമ്മുക്കുള്ളത്. അതുകൊണ്ട് തന്നെ എല്ലാ പദ്ധതികള്‍ക്കും ക്രേന്ദ-സംസ്ഥാന സര്‍ക്കാരുകൾ നല്കുന്ന ഫണ്ടുകളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്.
കോട്ടയം, ചങ്ങനാശ്ശേരി എന്നീ രണ്ടു താലൂക്കുകളുടെ ഭൂപ്രദേശങ്ങൾ ഉള്‍പ്പെടുന്ന പള്ളം ബ്ലോക്ക് പഞ്ചായത്തിന് 14 ഡിവിഷന് വാര്‍ഡുകളുണ്ട്. മുഖ്യമായും കാര്‍ഷിക മേഖലയാണെങ്കിലും, എം.ആര്.എഫ്, മിഡാസ് പാറമ്പുഴ, മില്‍മയുടെ പാൽ സംഭരണ കേന്ദ്രം, കുറിച്ചി പ്രദേശത്തെ അരുവാലി ചെറുകിട വ്യവസായങ്ങള്‍, പനച്ചിക്കാട് പുവന്തുരുത്ത് ഇന്‍ഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവ വ്യവസായിക മേഖലയുടെ സാന്നിദ്ധ്യം അറിയിക്കുന്നു.
കോട്ടയം ജില്ലയുടെ അപ്പര്‍കുട്ടനാടിന്റെ പ്രദേശമാണ് പള്ളം ബ്ലോക്ക് പഞ്ചായത്ത്. ഇടനാടിന്റെ ഭാഗമായ ചെറുകുന്നുകളും താഴ്വരകളും ചെറുകാടുകളും നിറഞ്ഞ ഭൂപ്രദേശമാണിത്. ഈ ബ്ലോക്ക് പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന നദി മീനച്ചിലാറാണ്. മീനച്ചിലാറിന്റെ കൈവഴികളായ കൊട്ടുരാറും മീനന്തറയാറും കവണാറും പൊയ്കയില്‍ തോടും ജലസമൃദ്ധമാക്കുന്ന ഈ പ്രദേശത്ത് ധാരാളം കുളങ്ങളും ചതുപ്പുനിലങ്ങളും ഉണ്ട്. ചെമ്മണ്ണ് നിറഞ്ഞ ചെറുകുന്നുകളും ചെളിമണ്ണ് നിറഞ്ഞ നദീതീരങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. കിഴക്ക് ഭാഗത്തുള്ള പ്രദേശങ്ങൾ ചെറുകുന്നുകളും താഴ് വരകളും കൊണ്ട് നിറഞ്ഞതാണ്. പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്തോറും ചെളിയും എക്കല്‍ മണ്ണും നിറഞ്ഞ വയൽ പ്രദേശങ്ങളാണ്. എന്നാല്‍ അനിയന്ത്രിതമായ മണ്ണെടുപ്പ് മുലം ചെറുകുന്നുകൾ ഏതാണ്ട് മുഴുവനായും അപ്രത്യക്ഷമായി. നീര്‍ത്തടങ്ങൾ ഒക്കെയും നികത്തി മണ്ണിട്ടുയര്‍ത്തി കരപ്രദേശങ്ങളായി. പ്രധാന ജലശ്രോതസ്സുകള്‍ ഇപ്പോൾ കഠിനമായ ജലക്ഷാമം നേരിടുന്നു.
കുട്ടനാടന്‍ പുഞ്ചപ്പാടങ്ങൾ അതിരിടുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ നിലംനികത്തല്‍ മൂലം ഇപ്പോൾ രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളായി മാറിക്കഴിഞ്ഞു. ധാരാളം തോടുകള്‍ മീനച്ചിലാറിന്റെ കൈവഴികളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ധാരാളം തോടുകള്‍ രാജ്യഭരണകാലത്തെ പ്രധാന ഗതാഗത വ്യാപാര മാര്‍ഗങ്ങളായിരുന്നു. ഇവയില്‍ പലതും ഏതാണ്ട് പൂര്‍ണ്ണമായും നികത്തപ്പെട്ടു. ഉയര്‍ന്ന കുന്നുകൾ പലതും പാറമടകളുടെ നിരന്തരമായ പ്രവര്‍ത്തനം മൂലം പഠറക്കുളങ്ങളായി മാറി. നീര്‍ച്ചാലുകൾ ധാരാളം ഉണ്ടായിരുന്ന പ്രദേശത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. കുന്നുകള്‍ തുടച്ചുമാറ്റപ്പെട്ടതുമുലം നീര്‍ച്ചാലുകളുടെ പ്രഭവ സ്ഥാനം ഇല്ലാതെയായി നീര്‍ത്തടങ്ങൾ ജലസംഭരണികളായി രൂപപ്പെട്ടിരുന്നു. എന്നാല്‍ അവ നികത്തപ്പെട്ടതു മൂലം സംഭരിക്കപ്പെടെ ജലം പാഴായി പോകുന്ന സ്ഥിതിവിശേഷം സംജാതമായി.
സംസ്ഥാനത്തെ പ്രധാന റോഡുകളായ എം.സി.റോഡ്, കെ.കെ.റോഡ് എന്നിവ ബ്ലോക്കു പ്രദേശത്തുകൂടി കടന്നു പോകുന്നു. കൂടാതെ തിരുവനന്തപുരം എറണാകുളം റെയില്‍വെ ലൈനും ടി പ്രദേശത്തുകൂടിയാണ് പോകുന്നത്. ഏറ്റുമാനൂര്‍-ചങ്ങനാശ്ശേരി ബൈപ്പാസ് റോഡ്, പള്ളം തോട്ടയ്ക്കാട് റോഡ് എന്നിവയാണ് മറ്റു പ്രധാന റോഡുകള്‍.
ഹോമിയോ മെഡിക്കല്‍ കോളജ്, ഗവണ്മെന്റിന്റെ ഹോമിയോ റിസര്‍ച്ച് സെന്മര്, ഇന്‍ഡ്യൻ റബ്ബര്‍ ഗവേഷണ ക്രേന്ദ്രം, നവോദയ സ്കൂൾ കേന്ദ്രീയ വിദ്യാലയം തുടങ്ങിയ നിരവിധി സ്ഥാപനങ്ങള്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.
ജലഗതാഗതത്തിന് അനന്തമായ സാധ്യതകൾ ഉള്ള ഒരു പ്രദേശമാണ് ഇത്. കുറിച്ചി കരുനാട്ടുവാല, കളമ്പാട്ടുചിറ പ്രദേശങ്ങളില്‍ തുടങ്ങി കൊടുരാറും, മീനന്തറയാറും ഉള്‍പ്പെടുന്ന വലിയ ഗതാഗത ശൃംഖല ഈ പ്രദേശത്തുണ്ട്. മുന്‍കാലങ്ങളിൽ ഇത് പ്രധാന ഗതാഗതമാര്‍ഗ്ഗമായിരുന്നു.
പനച്ചിക്കാട് ദക്ഷിണ മുകാംബികയെന്നു പ്രശസ്തമായ സരസ്വതീക്ഷ്രേതം, ഗീവര്ഗിസ് സഹദായുടെ നാമധേയത്തിലുള്ള പുതുപ്പള്ളി വലിയപള്ളി, വെണ്ണിമല ശ്രീരാമലക്ഷ്മണ സ്വാമിക്ഷ്രേതം എന്നിവ നമ്മുടെ പ്രദേശത്തു സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ആരാധനാലയങ്ങൾ ആണ്. ഈ സ്ഥലങ്ങള്‍ കുടാതെ തീര്‍ത്ഥാടകരെയും വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്ന പ്രദേശങ്ങളാണ് പനച്ചിക്കാട് പഞ്ചായത്തിലെ പടിയറക്കടവ് ഉല്ലാസതീരം, കളത്തിക്കടവ്, പുതുപ്പള്ളി പഞ്ചായത്തിലെ പാറയ്ക്കല്‍ കടവ്, വെന്നിമല തുടങ്ങിയവ.
നമ്മുടെ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളാണ് രൂക്ഷമായ കുടിവെള്ള ദൌര്‍ലഭ്യവും, തരിശായി കിടക്കുന്ന കൃഷിയിടങ്ങളും. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും തരിശുകിടക്കുന്ന കൃഷിഭൂമികള്‍ കൃഷിയോഗ്യ മാക്കുന്നതിനുമുള്ള ആത്മാര്‍ത്ഥമായ ഒട്ടേറെ പദ്ധതികൾ പതിനാലാം പഞ്ചവത്സരപദ്ധതിക്കാലത്ത് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. അതുപോലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവര്‍ക്കും വയോജനങ്ങള്‍ക്കും വനിതകള്‍ക്കും വേണ്ടിയുള്ള ക്ഷേമപദ്ധതികളും ഈ പദ്ധതിക്കാലത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നവയാണ്.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രദേശം ഈ പ്രദേശം കുന്നുകളുടെ ഇടയിലുള്ള വിശാലമായ പാടശേഖരങ്ങളാല്‍ സമ്പന്നമാണെങ്കിലും പുതിയ തലമുറയുടെ കാര്‍ഷിക മേഖലയോടുള്ള വിമുഖതയും കര്‍ഷക തൊഴിലാളികളുടെ ദൌര്‍ലഭ്യവും ഉത്പാദനോപാധികളുടെ വര്‍ദ്ധിച്ച ചെലവുകളും പാടശേഖരങ്ങളെ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തരിശുഭൂമിയാക്കിയിരിക്കുന്നു. ഉയര്‍ന്ന കുന്നിൻ പ്രദേശങ്ങളിലെ റബ്ബറും മരച്ചീനിയും പൈനാപ്പിൾ തുടങ്ങിയ കൃഷികൾ പ്രതിസന്ധികളെ അതിജീവിച്ച് നിലനില്ക്കുന്നു. എന്നാല്‍ ഇന്ന് ആധുനിക കാര്‍ഷിക യന്ത്രങ്ങളുടെ കടന്നുവരവും, പ്രാദേശിക സര്‍ക്കാരുകളുടെ പിന്തുണയും പുതിയ തലമുറയെ കാര്‍ഷിക മേഖലയിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്.